ജനാലയ്ക്കു
അപ്പുറത്തുള്ള
കാഴ്ചകളും
മണങ്ങളും
ചലനങ്ങളും
എന്റെ
പേന തുമ്പിൽ
ജീവൻ കൊടുത്തു
കടലാസിലേക്ക്
പകർത്താൻ
ഞാൻ
അശക്തനാവുന്നു..
എന്റെ കൈകൾ
വിറയ്ക്കുന്നതും
തളരുന്നതും
ഞാൻ
അറിയുന്നു
ഞാൻ
എന്തിനെയാണ്
ഭയക്കുന്നത്..
ജനാലയ്ക്കു
പുറത്തുള്ള
ആക്രോശങ്ങൾ
ഉച്ചസ്ഥായിയിൽ
ആകുന്നു..
ഇണചേരുന്ന
പാമ്പുകളുടെ
കണ്ണുകൾ
ഭയവിഹ്വലമായിരുന്നു.
വയലിൽ
പൂത്തു നിന്ന
ശവംനാറി പൂക്കളുടെ
ഗന്ധം
മൂക്കിലേക്കു
ഇരച്ചു കയറുന്നുണ്ടായിരുന്നു
മരത്തിനു
മുകളിലേക്കു
നോക്കി
പൂച്ച ഉച്ചത്തിൽ
കരഞ്ഞു..
അണ്ണാനെ
സങ്കല്പിച്ചാവണം.
ചിറകൊടിഞ്ഞ
ചിത്രശലഭം
ഒറ്റയ്ക്ക്
പറന്ന്
പൂക്കൾ കാണാതെ
തളർന്നു
മരിക്കുന്നു.
ഉമ്മാക്കികൾ
രാമനെയും ഭദ്രനെയും
ഭയപ്പെടുത്തി
ഓടിക്കുന്നുണ്ടായിരുന്നു..
വറ്റികൊണ്ടിരിക്കുന്ന
പുഴയിൽ നിന്നും
കാലുകൾ
വളർന്ന
മത്സ്യം
തവളയുടെ
ശ്വാസകോശം
പറിച്ചെടുക്കുന്നു.
ഞാനെന്റെ
ജനാലകൾ
കൊട്ടിയടച്ചു..
എന്റെ
കൈകൾ
വിറയ്ക്കുന്നുണ്ടായിരുന്നു..
കാഴ്ചകൾ
ഭയന്ന്
ഇരുട്ടു കൂടിയ
മൂലയിൽ
ഞാൻ
ചുരുണ്ടു
കിടന്നു..
ജയ്ദീപ് കല്ലത്ത്
No comments:
Post a Comment