Saturday, October 27, 2018

പരാജിതൻ



എന്നിലെ
സത്യത്തെ
സ്വർണപാത്രം കൊണ്ട്
മൂടി വെച്ചിട്ടില്ല ..
ഒറ്റയ്ക്ക്
നടക്കുന്ന
സ്ത്രീത്വത്തെ
എന്റെ
ബലിഷ്ഠകരങ്ങൾ
മുറുക്കി
ശ്വാസം
മുട്ടിച്ചിട്ടില്ല ..
എന്നിലെ
വികാരങ്ങൾ
നിഷ്കളങ്കകണ്ണുകൾ
കുത്തിപൊട്ടിച്ചിട്ടില്ല ..
നാലു ചുവരുകളുടെ
ധൈര്യവും
ഇരുട്ടിന്റെ
മറയും
എന്റെ
നഖങ്ങളെ
കൂർപ്പിച്ചില്ല ,
ദ്രംഷ്ടകൾ
വളർത്തിയില്ല ..
എന്നിട്ടും
പല മുഖങ്ങൾ
പറയുന്നു ..
നീ
എന്ത് നേടി
നീ
പരാജിതൻ ..

"മ്മളെ ഗോപാലേട്ടന്റെ മോളാ ..."



ഭയം
ആയിരുന്നു എനിക്ക്
എന്റെ നടത്തം
എന്റെ നോട്ടം
എന്റെ സംസാരം ..
കറ കളഞ്ഞ
രജിസ്‌ട്രാരുടെ മകൾ
അതെ
അച്ഛന്റെ മകൾ .
ഞാൻ
നടന്നുപോകുമ്പോൾ
ആൾക്കൂട്ടത്തിലെ
ഞാൻ
കാണാത്ത രൂപം
എന്റെ ചെവികൾ
അറിഞ്ഞു .
"മ്മളെ ഗോപാലേട്ടന്റെ മോളാ "
പുസ്തകങ്ങൾ
ആയിരുന്നു
എന്റെ
കൂട്ടുകാർ
അവയോടു
ചിരിച്ചും
കലമ്പിയും
പിണങ്ങിയും
പ്രണയിച്ചും
ആയിരുന്നു
എന്റെ കൗമാരം
കോളേജിലേക്ക്
പോകുന്ന
വഴിയരികിൽ
കാത്തു നിന്ന
സുമുഖനായ
ചെറുപ്പക്കാരനെ
കണ്ടുവെങ്കിലും
കാണാതെ
വഴി
മാറി നടന്നു
കൂട്ടുകാരികൾ
ക്ലാസ്സ്‌ കട്ട്‌ ചെയ്തു
സിനിമയ്ക്ക്
പോകുമ്പോൾ
ഞാൻ
ഒഴിഞ്ഞു മാറി .
എല്ലാരും
ഉച്ചത്തിൽ
ചിരിച്ചപ്പോൾ
ഞാൻ
എന്റെ
പൊട്ടിച്ചിരികളെ
ചങ്ങലക്കു ഇട്ടു .

രാവിലെ നടക്കുന്നവർ



രാവിലെ നടക്കുന്നവർ
കൈ വീശി
വേഗത്തിൽ
വയർ ഇളക്കി
നടക്കുന്നവർ .
വഴിയിൽ
വാഹനമിടിച്ചു
ചത്ത
വയറു പൊട്ടാത്ത
പട്ടിയെ
തെല്ലൊരു
ഉത്സാഹത്തോടെ
വയർ കുലുക്കി
ചാടി കടന്നു .
-അങ്ങനെ
കടക്കുമ്പോൾ
ഉണ്ടാവുന്ന
വയർ പേശികളിലെ
മർദ്ദം ,
രക്തയോട്ടത്തിന്റെ
വേഗത കൂടൽ
ഇത്യാദി
ഗുണങ്ങൾ
വയർ കുറക്കാനും
കോളസ്ട്രോൾ
കുറക്കാനും
സഹായിക്കും
എന്നത്
ആയിരിക്കണം
ആ ആവേശത്തിന്
കാരണം -
രാവിലെ
കുളിച്ചു
കുറിതൊട്ട്
പുറത്തിറങ്ങിയ
രാവിലത്തെ
നടത്തക്കാരനും
വയറു പൊട്ടിയെ
പട്ടിയുടെ
ശകുനം
കണ്ടു
ഓക്കാനിച്ചവരിൽ
ഒരാൾ
ആയിരുന്നു .

അശുദ്ധ



നാം
നടക്കുന്നത്
എങ്ങോട്ടാണ്..
ജാതിവാലുകൾ
അലങ്കാരമാക്കി
കണ്ണുകൾ
മാത്രം
കാണുന്ന
വസ്ത്രത്തിനുള്ളിൽ
ഒതുക്കി
സ്നേഹം
എന്തെന്നറിയാതെ
അരമനകളെ
മാത്രം
സ്നേഹിച്ചു
നമ്മൾ
എങ്ങോട്ടാണി
പോകുന്നത്.
സ്ത്രീ രൂപത്തിൽ
അവിശ്വാസം
മല കയറുമ്പോൾ
തടുക്കുന്ന
ആയുധതയമ്പുള്ള
ദീക്ഷ വളർത്താത്ത
മുഖത്തെ
ചുവന്നു
കലങ്ങിയ
കണ്ണുകൾ
വന്യം ആയിരുന്നു.
അവരുടെ
ശരണം
വിളികളുടെ
താളം
ആ മലനിരകൾക്കു
പരിചിതം
ആയിരുന്നില്ല.
അടുക്കളയിൽ
പുകയത്ത്
ഉറച്ചതെങ്കിലും..
വിശ്വാസം
പതുക്കെ
ചോദിക്കുന്നുണ്ടായിരുന്നു
ഏഴ് ദിവസത്തെ
അയിത്തം
എന്തിന്?
ആ അയിത്തം
അല്ലേ
നിന്റെ ജന്മം?
ഗർഭപാത്രത്തിൽ
നിന്നെ
താലോലിക്കാൻ
ഞാൻ
ഉണ്ടാക്കിയ
കൈകൾ അല്ലെ
അത്..
അതെങ്ങനെ
എന്നെ
അശുദ്ധയാക്കി..

Wednesday, October 17, 2018

വില കൂടിയ ദൈവം



അമ്പലനടയിൽ
നിന്നും
പുറത്തിറങ്ങി
നടക്കവേ
ഞാൻ
കണ്ട വർണാഭമായ
കടകളിൽ
ദൈവത്തെ
വിൽക്കുന്നത് കണ്ടു.
വിവിധ വലുപ്പത്തിൽ
പ്രഭ ചൊരിയും
ദൈവങ്ങളിൽ
വിലകൂടിയ
വലിയ
ദൈവത്തെ
വാങ്ങി
ഞാൻ എന്റെ
പൂജാമുറിയിൽ
വെച്ചു
വില കൂടിയ
ദൈവം
പൂജാ മുറിയിൽ
നിറഞ്ഞു നിന്നു


Saturday, October 13, 2018

ആരോ ഒരുവൾ

ബസ്റ്റാന്റിലെ
ഒഴിഞ്ഞ മൂലയിൽ
ഒരു പ്ലാസ്റ്റിക് കവർ
കയ്യിൽ തൂക്കി പിടിച്ചു
മങ്ങിയ സാരി
ഉടുത്ത
കറുത്ത്
മെലിഞ്ഞ അവൾ
ആരെയോ
അന്വേഷിക്കും പോലെ
തോന്നി .
എന്റെ നോട്ടം
അവളുടെ
കണ്ണുകൾ കണ്ടു .
അത് ഒരു പുഞ്ചിരിയായി
എന്നെ അറിയിച്ചു
ആരെയോ
കാത്തിരുന്ന അവൾ
ആ കാത്തിരിപ്പു
എന്നിൽ
അവസാനിപ്പിച്ചു
എന്റെ കൈകൾ പിടിച്ചു
കൂടെ വന്നു .
ഇരുണ്ട മുറിയിൽ
എന്റെ ചൂട്
അവൾക്കു നൽകി
അവളിൽ
ലയിച്ചു
ഞങ്ങൾ രണ്ടും
പുകച്ചുരുളകളായി
പരസ്പരം ഇണ ചേർന്ന്
ആകാശത്തിന്റ
അങ്ങേ അറ്റത്തേക്ക്
പറന്നു
അലിഞ്ഞില്ലാതെയായി ..

ഘോഷയാത്ര



ഇന്ന്
തെരുവിൽ
ഒരാൾക്കൂട്ടം
പിന്നോട്ട്
നടക്കുന്നത് കണ്ടു..
അവരെ
നയിച്ചത്
തലയിൽ
കുടുമയുള്ള
രാജാവും
താടി വളർത്തിയ
പുരോഹിതനും.
മുൻ നിരയിലെ
മുലക്കച്ച കെട്ടിയ
വെളുത്ത
സ്ത്രീകൾക്ക്
പിറകിൽ
മുണ്ടും
മേൽമുണ്ടും
മാത്രം
ഉടുത്ത
പെണ്ണുങ്ങളും.